മഴമേഘങ്ങള്‍

കറുത്ത മേഘങ്ങപടലങ്ങളെ വകഞ്ഞ് മാറ്റി;ചാറി തുടങ്ങിയാല്,അടിവച്ചുു കളിക്കുന്ന കുഞ്ഞിന്റ്റെ ആര്൫തയോടെ;ഞര൩ുകളിലാകെ ഉറഞ്ഞുകൂടന്ന സ്നേഹത്തിന്റ്റെ നനുത്ത തണുപ്പോടെ..

Monday, March 13, 2006

അടുത്ത ജന്മത്തിലെങ്കിലും ....

വീണ്ടും ഒരു ജന്മമം ഉണ്ടോയില്ലയോ എന്നതു ഇവിടെ പ്രസക്തമല്ല. അങ്ങനെ ഒന്നുണ്ടെങ്കില്‍ എനിക്കു ഒരു പട്ടിയായി ജനിക്കണം.(ഈ ജന്മത്തില്‍ തന്നെ അതാണല്ലോ എന്നു ഓര്‍മ്മപ്പെടുത്താന്‍ 'പട്ടീ'-ന്നു സ്നേഹപൂര്‍വ്വം നീട്ടി വിളിച്ചു അസൂയാലുക്കള്‍ തെറ്റിധരിപ്പിക്കാന്‍ ശ്രമിക്കാറുണ്ട്‌.) ഇതു ഇന്നും ഇന്നലെയും തുടങ്ങിയ ആഗ്രഹമൊന്നുമല്ല. ഇതു മനസ്സില്‍ കൊണ്ടു നടക്കാന്‍ തുടങ്ങിയിട്ടു 7-8 കൊല്ലമായി. ഇന്നു ആ ആഗ്രഹം വല്ലാതെ മനസ്സില്‍ കേറികൂടിയിരിക്കുന്നു.

ആദ്യമായി 'പട്ടി' സ്നേഹം/ആരാധന തുടങ്ങിയതു ഞാന്‍ നെതര്‍ലാന്‍സ്സില്‍ പോയപ്പോഴായിരുന്നു. തനി സസ്യഭുക്കായ എനിക്കു (അന്നൊന്നും ഇക്കാലത്തെ പോലെ സായിപ്പന്മാരുടെ ഇടയില്‍ വെജിറ്റേറിയന്മാര്‍ അധികമില്ല.)അന്തകാലത്തു ആകെ കിട്ടിയിരുന്ന ഭക്ഷണം കുറേ ഇലകളായിരുന്നു. ഹോട്ടല്‍ താമസവും പച്ചിലതീറ്റയും എന്നെ പശുവിനു കൊടുക്കുന്ന കാടിവെള്ളം കിട്ടിയാല്‍ പായസ്സമ്മായി കരുതി കുടിക്കാന്‍ പോലും പ്രേരിപ്പിച്ചിരുന്നു. ജോലി കഴിഞ്ഞു റൂമ്മില്‍ വന്നു ടിവി ഓണ്‍ ചെയ്താല്‍ പട്ടി ഫുഡിന്റെ പരസ്യമാണധികവും. കാണുമ്പോള്‍ നല്ല രുചികരമായി തൊന്നുന്ന സ്വന്തം ഫുഡ്‌ പരസ്യത്തിലെ പട്ടി സ്വാദോടെ ആസ്വദിച്ചു കഴിക്കുന്നതു കണ്ടു ഞാന്‍ പട്ടിയോട്‌ അസൂയപ്പെടുകയും കൊതിയൂറുകയും ചെയ്യാറുണ്ടായിരുന്നു. (പറയാതെപറ്റില്ല, ഭക്ഷണ പരസ്യങ്ങളില്‍ ഏറ്റവും ആകര്‍ഷണീയം പട്ടി ഫുഡ്‌ പരസ്യമായിരുന്നു.) മിക്കവാറും പരസ്യത്തിലെ പട്ടി വയറിളക്കം ബാധിച്ചു മരിച്ചു പൊയിട്ടുണ്ടാവും.ഏതേലും സൂപ്പര്‍മാര്‍ക്കറ്റില്‍ കേറിയ്യാലോ മനുഷ്യന്മാരുടേതിന്നുതുല്യമോ അതില്‍ കൂടുതലോ സെക്ഷന്‍സ്സ്‌ പട്ടി ഫുഡ്‌ കയ്യടക്കിയിരിക്കും. എങ്ങനെ ഞാന്‍ ഇതൊക്കെ സഹിക്കും.

ഇതൊന്നുമല്ല. ഒരു ദിവസം ഒരു ഡച്ചു കുടുംബം എന്നെ വീട്ടിലെക്കു ക്ഷണിച്ചു. അവിടെ എത്തിയപ്പോള്‍ എന്നെ സ്വീകരിക്കാന്‍ വീട്ടുകാരനും വീട്ടുകാരിയും കൂടാതെ സുന്ദരന്മാരും സുന്ദരികളുമായ ആറു പട്ടികള്‍. സുന്ദരന്മാരെല്ലാം ഷര്‍ട്ടും ട്രൌസ്സറും സോക്ക്സും ധരിച്ചിട്ടുണ്ട്‌. സുന്ദരിമാരുടെ വേഷം സ്കേര്‍ട്ടും ഷര്‍ട്ടും സോക്ക്സും. ഒരിത്തി കണ്ണടയും ഫിറ്റ്‌ ചെയ്തിട്ടുണ്ട്‌.
വീട്ടുകാരി എന്നെ അവരുടെ 'മക്കളെ' (പട്ടി സണ്‍സ്‌ ആന്റ്‌ ഡോട്ടേര്‍സ്‌) പരിചയപെടുത്തി. എല്ലാവരും പ്രായത്തിനനുസരിച്ചു, എനിക്കു രണ്ടു കാലില്‍ നിന്നു കൊണ്ടു ഷെയ്ക്‌ ഹാന്‍ഡ്‌ തന്നു. പേടിയോടെ ഞാനും കൈ കൊടുത്തു, കൂടെ വാല്‍കക്ഷണമായ്യി 'ആസ്ത്‌ ബ്ലീഫ്‌' -ഉം തട്ടിവിട്ടു.
കുറേ സംസാരിച്ചിരുന്ന ശേഷം ഞങ്ങള്‍ ഭക്ഷണം കഴിക്കാനിരുന്നു. നമ്മുടെ സാമ്പാര്‍ പോലെ തൊന്നിക്കുന്ന ഒരുതരം സൂപ്പ്‌ എന്റെ മുന്നിലേക്കു നീങ്ങി നിന്നു. ഒത്തിരി നാളുകള്‍ക്കു ശേഷം ഞാന്‍ കാണുന്ന ഇരുകാലി ഭക്ഷണമം...ആക്രാന്തം അല്ലാതെന്തു പറയ്യാന്‍... നല്ല ചൂടും, എരിവും.. ഭാഗ്യം നാവു പൊള്ളിയതു കാരണം , രുചിക്കുറവ്‌ അനുഭവപ്പെട്ടില്ല. അതു കഴിഞ്ഞപ്പോള്‍ ദേ വരുന്നു... നല്ല ചുവന്ന നിറത്തില്‍ ഒരു പ്ലേറ്റ്‌ ചോറ്‌. (ഇവരുടെ വിചാരം നമ്മള്‍ ഇന്ത്യാക്കാര്‍ മുളകുപൊടിയാ കഴിക്കുന്നേന്നാ)
ആ ചുവപ്പന്‍ എനിക്കു മുന്നില്‍ വന്നു നിന്നതു മുതല്‍ ഞാന്‍ തുമ്മാന്‍ തുടങ്ങി. കഴിക്കാനും പറ്റില്ല... നോക്കിയിരിക്കാനും പറ്റില്ല. വിശപ്പും തുമ്മലും കൂടി എന്നെ അവശയാക്കി എന്നു മാത്രം പറഞ്ഞാല്‍ മതി. അപ്പോഴാ... എന്റെ ആറു ആരാധനാമൂര്‍ത്തികളുടെ മുന്നില്‍ ... നിര നിര ആയി പലതരത്തിലെ ഭക്ഷണം... കണ്ണട കാരിയുടെ മുന്നില്‍ ഒരു ബൌള്‍ നിറയെ ജെംസ്‌ മിട്ടായി(അതു പോലെ തോന്നിക്കും). ഞാന്‍ കൊതിയോടെ അതു നൊക്കുന്നതു കണ്ടിട്ടാണോ എന്തോ ...വീട്ടുകാരി പറഞ്ഞു...കണ്ണട ക്കാരിക്കു അതു മാത്രമേ ഇഷ്ടമുള്ളൂ... അതുകൊണ്ടു അതു വാങ്ങി സ്റ്റോക്ക്‌ ചെയ്യും. മറ്റുള്ളവര്‍ക്കു അതിഷ്ടമില്ല... എനിക്കു അവളോട്‌ കൂടുതല്‍ അസൂയ... എനിക്കു ഇഷ്ടമുള്ള ആഹാരം എനിക്കു വേണ്ടി മാത്രം ആരുമിതുവരെ ഉണ്ടാക്കിതന്നിട്ടില്ല. വിശപ്പിന്റെ വിളി എന്നോട്‌ പലവട്ടം ...അവളുടെ ആഹാരം മതി എനിക്കും എന്നു പറയാന്‍ പ്രേരിപ്പിച്ചെങ്കില്ലും ... അഹം അതിനു തയ്യാറായില്ല എന്നതാണു സത്യം.
ഈ സംഭവം കഴിഞ്ഞു ... പലപ്പോഴും എന്റെ യാത്രകളില്‍ അസൂയ കുശുമ്പ്‌... മുതലായ വികാരങ്ങളുളവാക്കി എന്റെ പട്ടി ബ്രതേര്‍സ്‌ ആന്‍ഡ്‌ സിസ്റ്റേര്‍സ്‌ എനിക്കുണ്ടാക്കി തന്ന വിഷമം ചെറുതല്ല. ഇതൊക്കെ കഴിഞ്ഞ്‌ ഞാന്‍ യു. എസ്സില്‍ ആദ്യമായി വന്ന നാള്‍, എന്റെ പ്രൊജക്ടിന്റെ ടിറക്ടര്‍ അവരുടെ പട്ടിയെ ഒരാഴ്ച നോക്കാന്‍ 3000 ഡോളര്‍ കൊടുക്കുന്നു എന്നറിഞ്ഞപ്പോള്‍ വീണ്ടും എന്നിലെ വികാരം ശക്തമായി... എന്റെ കുട്ടിക്കാലത്ത്‌ , എന്റെ വീട്ടില്‍ നാലഞ്ചു ജോലിക്കരുണ്ടായിരുന്നു... അവര്‍ക്കെല്ലാവര്‍ക്കും കൂടി ഒരു മാസം പോലും അത്രെയും രൂപ കിട്ടില്ല. പോട്ടെ എനിക്കു മാസം അത്രെം അലവന്‍സ്‌ കിട്ടില്ല.. ഇപ്പോ എനിക്കു തോന്നിയ വികാരം അസൂയ അല്ല... അതിനുള്ള വാക്ക്‌ എനിക്കറിയില്ല... (വിവരം ഇല്ല എന്നര്‍ത്ഥം.) ഒരു തരം സഹതാപം... എന്നെ വളര്‍ത്താന്‍ എന്റെ അച്ഛനുമമ്മക്കും ഇത്രേം കാശു വേണ്ടിവന്നില്ല... എന്നാല്‍ പട്ടിയെ വളര്‍ത്താന്‍ എത്ര കാശാ മുതല്‍ മുടക്ക്‌...
അതു കഴിഞ്ഞു ഈ ശനിയാഴ്ച, ഇതെഴുതാന്‍ എന്നെ പ്രേരിപ്പിച്ച സംഭവമുണ്ടാകുന്നേ... ഞാന്‍ നേരത്തേ പറഞ്ഞ വീട്ടുകാരിയുമായി ഫോണിലൂടെ സംസാരിക്കാനിടയായി. പല വിശേഷങ്ങള്‍ കൈമാറുന്നതിനിടയില്‍, അവര്‍ അവരുടെ ദുഃഖം പറയുകയാ... അവരുടെ ആറു മക്കളില്‍ രണ്ടുപേര്‍ മരിച്ചു പോയി. രണ്ടുപേരേയും വീട്ടിനു പിറകിലെ പൂന്തോട്ടത്തിലാ അടക്കിയിരിക്കുന്നെ... ഒരാളുടെ കുഴിമാടത്തില്‍ റോസ്‌ ചെടിയും, മറ്റേ ആളുടേതില്‍ വെള്ള ലില്ലി യും വളര്‍ത്തുന്നു... അങ്ങനെ അവര്‍ അവരുടെ മക്കളെ കാണുന്നുണ്ടത്രെ... ഞാന്‍ വെള്ള ലില്ലി ആര്‍ക്കു വേണ്ടിയാണെന്നു എന്നന്വേഷിച്ചു...(കാരണം, എനിക്കു പൂക്കളിലിഷ്ടം വെള്ള ലില്ലിയോടാ.. വേറെ ചോദ്യത്തിന്നുത്തരമില്ല..) എന്റെ പഴയ സുഹൃത്തില്ലേ ആ കണ്ണടകാരിക്ക്‌... ഉടനെ എനിക്കുണ്ടായ ചിന്ത ... 'നിന്റെ സ്ഥാനത്തു ഞാന്‍ മതിയായിരുന്നു... അടുത്ത ജന്മത്തിലെങ്കില്ലും എനിക്കു നീയാകാന്‍ പറ്റിയെങ്കില്‍' ....

3 Comments:

Blogger ദേവന്‍ said...

എനിക്കു പട്ടികളെ ഇഷ്ടമാണ്‌.എല്ലാക്കാലത്തുംഎന്റെ വീട്ടില്‍ ഒരു പട്ടിയെ വളര്‍ത്തിയിട്ടുമുണ്ട്‌ ‌. എങ്കിലും പട്ടിയെ കണ്ണെഴുതി റിബണ്‍ കെട്ടി കുട്ടികളെപ്പോലെ എടുത്തുകൊണ്ട്‌ നടക്കുന്നത്‌ പട്ടിയോട്‌ കാട്ടുന്ന ദ്രോഹമായിട്ടേ തോന്നാറുള്ളു. പട്ടിയെ മനുഷ്യനായി പരിഗണിക്കാന്‍ തുടങ്ങിയാല്‍ അന്ന് അതിന്റെ "പട്ടിത്തം" നശിക്കും. നമ്മളെ കുരങ്ങനാക്കി വളര്‍ത്തുന്നതുപോലെയല്ലേ അത്‌. പട്ടിക്ക്‌ നാണമില്ലാത്തതുകൊണ്ട്‌ ഉടുതുണിയും വേണ്ടാ, വേണമെങ്കില്‍ അത്‌ നെയ്തും തുന്നലും പഠിച്ചേനേ.

കടുവാ വേലായുധന്‍ എന്ന "സൂപ്പര്‍ പാപ്പാന്‍"ഒരു ഇന്റര്‍വ്യൂവില്‍ പറഞ്ഞത്‌ " ആനക്കെന്തിനാണു നാരായണന്‍ ശിവശങ്കരന്‍ എന്നൊക്കെ പേര്‍? അതിനെ ആന എന്നു വിളിച്ചാല്‍ മതി. ഇല്ലെങ്കില്‍ അതിനു ആവശ്യമില്ലാത്ത പ്രാധാന്യമുണ്ടെന്ന് സ്വയം തോന്നും."

11:54 PM  
Blogger വര്‍ണ്ണമേഘങ്ങള്‍ said...

കാറിന്റെ പിൻ സീറ്റിലും മുൻസീറ്റിലുമൊക്കെ അടച്ചിട്ട ഗ്ലാസ്സിനുള്ളിൽ വെളിയിലേക്ക്‌ കൊതിയോടെ നോക്കി നാവും നുണഞ്ഞ്‌ 'പട്ടിത്തം' വിടാനിഷ്ടമില്ലാത്ത പട്ടികളെ കണ്ടിട്ടുണ്ട്‌... മണ്ണിൽ ഓടിനടക്കാൻ, മാന്തി തുരക്കാൻ ഒക്കെ അവറ്റകൾക്കും ആഗ്രമുണ്ടാകുമല്ലോ എന്നോർത്ത്‌ സഹതപിച്ചിട്ടുമുണ്ട്‌..!

4:26 AM  
Blogger രാജീവ് സാക്ഷി | Rajeev Sakshi said...

നന്നായിട്ടുണ്ട്.
ഞാനും പ്രാര്‍ത്ഥിക്കാം.

7:35 AM  

Post a Comment

<< Home