മഴമേഘങ്ങള്‍

കറുത്ത മേഘങ്ങപടലങ്ങളെ വകഞ്ഞ് മാറ്റി;ചാറി തുടങ്ങിയാല്,അടിവച്ചുു കളിക്കുന്ന കുഞ്ഞിന്റ്റെ ആര്൫തയോടെ;ഞര൩ുകളിലാകെ ഉറഞ്ഞുകൂടന്ന സ്നേഹത്തിന്റ്റെ നനുത്ത തണുപ്പോടെ..

Sunday, June 15, 2008

മഴമേഘത്തിന്റെ സ്വപ്നക്കൂട്‌..

[ഈ വിഷുവും മാറ്റമ്മില്ലാതെ... കൈനീട്ടം വാങ്ങാനെത്തിയ വിഷുപക്ഷിയെ വെറും കൈയോടെ പറഞ്ഞയക്കേണ്ടി വന്നു ... ഒന്നും മനഃപൂര്‍വമായിരുന്നില്ല...എല്ലാം നഷ്ടപ്പ്പ്പെട്ട മഴമേഘത്തിന്‌ സ്വന്തമായി ഒന്നുമില്ല തന്റെ സ്വപ്നക്കൂടല്ലാതെ...]


അരമുറുക്കി, രാവിനെ പകലാക്കി ഞാന്‍ നെയ്തുകൂട്ടിയ എന്റെ സ്വപ്നകൂട്‌ ... അതു മാത്രമാണ്‌ എന്റേതായ്‌ ഇന്ന് അവശേഷിക്കുന്നത്‌... അതു നഷ്ടപ്പെടുത്താനാണ്‌ നീ എന്നോട്‌ ആവശ്യപ്പെടുന്നത്‌...അതും കൂടി നഷ്ടപ്പെട്ടാല്‍ പിന്നെ ഞാന്‍ ഉണ്ടാവില്ല എന്നു മാത്രം...

തണലില്ലാത്ത പാതകളില്‍ നിന്നും ശേഖരിച്ച കല്ലുകള്‍ കൊണ്ടു ഞാന്‍ അടിത്തറ പാകി... പാകാന്‍ ശ്രമിച്ചു എന്നു പറയുന്നാതാവും ശരി...ഇടനെഞ്ചിലെ അറകള്‍ പൊളിച്ചു ഞാന്‍, ചുവരുകള്‍ നിര്‍മിച്ചു... പലപ്പോഴും പൊളിച്ചു മാറ്റലിന്റെ വേദന സഹനത്തിന്റെ വരമ്പുകള്‍ കഴിഞ്ഞും പോയിരുന്നു... എന്നിട്ടും മൗനത്തിന്റെ മേലാപ്പു കൊണ്ടു തീര്‍ത്ത മേല്‍ക്കൂരക്കുള്ളിലിരുന്നു, ഞാന്‍ കരഞ്ഞില്ല... കരയണം എന്നു ഉണ്ടായിരുന്നു... ഉച്ചത്തില്‍, ദിക്കുകള്‍ കേള്‍ക്കുമാറ്‌ കരയണം എന്നു തോന്നിയിരുന്ന നിമിഷങ്ങളില്‍, ജ്വലിക്കുന്ന സൂര്യനെ ഇരുകൈകള്‍ക്കൊണ്ടു സ്വീകരിക്കുന്ന ആഴിയുടെ അടുക്കലേക്കു ഓടും... ഇരുട്ടു മൂടി കാഴ്ചയുടെ അവസാന കണികയും ഇരുളെടുക്കുവോളം, ഒറ്റക്ക്‌... വിതുമ്പുവാന്‍ വെമ്പി ആഴിയുടെ അനന്തതയിലേക്ക്‌ കണ്ണും നട്ടിരിക്കുന്ന ഖിന്നയാം എന്റെ മുഖചിത്രം ഞാനറിയാതെ ആരൊക്കെയോ ഒപ്പിയെടുത്തു..."അരുതേ " എന്നു പറയാന്‍ പലപ്പോഴും തുനിഞ്ഞതായിരുന്നു... അജ്ഞാതമായ ഏതോ ഒരു പിന്‍വിളി എന്നെ തടയുകയായിരുന്നോ...അതോ തടഞ്ഞിട്ടും കാര്യമില്ല എന്ന അവബോധം പ്രതികരണേശേഷിയെ തടഞ്ഞു നിര്‍ത്തുവാന്‍ മാത്രം ശക്തമായതുകൊണ്ടോ...ഉപഭോഗവല്‍കരണത്തിനും ചൂഷണത്തിനുമിടയില്‍ എന്റെ അസ്ഥിത്വഭാവം അസ്തമയ സൂര്യനൊപ്പം വീര്യം നഷ്ടപ്പ്പ്പെട്ട്‌ അജ്ഞാതമായ ആഴങ്ങളില്‍ നിപതിച്ചു...

കൂടണയാന്‍ തിടുക്കം കാട്ടി പായുന്ന പറവകളോട്‌ എനിക്ക്‌ അസൂയ തോന്നി... സ്വപ്നങ്ങള്‍ നേടാന്‍, എന്നോടൊപ്പം പറന്നുയരാന്‍ മത്സരിച്ചിരുന്ന അവക്കു ചേക്കേറാന്‍ മാളങ്ങളുണ്ട്‌...എന്നാല്‍ സൂര്യനും ചന്ദ്രനും താരാപഥങ്ങള്‍ക്കും ഒപ്പം നില്‍ക്കുന്ന എനിക്കു ഒന്നു തലചായ്ക്കാന്‍ സ്ഥിരമായ്യൊരിടമില്ല !! ആകാശക്കൊട്ടാരം പണിതുവെങ്കില്ലും അവിടെ ഞാന്‍ ഒരു അഗതി മാത്രം !! എന്റെ സ്നേഹധാരയില്‍ നിന്നു കുടിച്ചൂറ്റം വച്ച പുഴ കുഞ്ഞുങ്ങള്‍, തുടക്കം നൃത്തം വച്ചു കളിച്ചു... അവക്കൊപ്പം ലോകവും... ഞാന്‍ ഏറെ സന്തോഷിച്ച ദിനങ്ങളായിരുന്നു അവ... അടുവില്‍ ലഹരിമൂത്ത പുഴ , പള്ളവീര്‍ത്ത ഉന്മാതതിമ്മിര്‍പ്പില്‍, എല്ലാം നശിപ്പിച്ചപ്പോള്‍, ഞാന്‍ ശപിക്കപ്പേട്ടവളായ്‌...അടക്കം പറച്ചിലുകളും ശാപവാക്കുകളും നിറഞ്ഞ ദിനരാത്രങ്ങള്‍...എന്റെ മേല്‍ കളങ്കം ചാര്‍ത്തപ്പെട്ടപ്പോള്‍ കൂടെ നില്‍ക്കാന്‍ ആരുമുണ്ടായില്ല... അതുവരെ എന്നെ പുകഴ്‌ത്തി നടന്നിരുന്ന വാനമ്പാടികള്‍ എങ്ങോ പറന്നുപോയി...എന്നോട്‌ കൂടെക്കൂടെ സല്ലപിക്കാറുണ്ടായിരുന്ന എന്റെ പ്രിയപ്പെട്ടയാല്‍മരം... എന്നും നിനക്കു ഞാന്‍ തണല്‍ തരാം എന്നു പറഞ്ഞു എന്റെ സ്നേഹം നേടാന്‍ ശ്രമിച്ചവന്‍...സ്വന്തം ജീര്‍ണ്ണിതാവസ്ഥ പോലും ഓര്‍ക്കാതെ എന്നെ തഴഞ്ഞു...ഇഷ്ടമല്ലായിരുന്നിട്ടും,ഞാന്‍ കാരണം ആരും വേദനിക്കുന്നതു കാണാന്‍ വയ്യാത്തതു കൊണ്ട്‌ മാത്രം ഞാന്‍ അജ്ഞാത ദേശത്തേക്കു പോകാന്‍ തയ്യാറായി...അപ്പോള്‍ നഷ്ടങ്ങളുടെയിടയിലും രത്നങ്ങളും മുത്തുകളും തിരയുന്ന എന്റെ വിരുദ്ധവികാരങ്ങള്‍ എന്നെ നോക്കി പല്ലിളിക്കുന്നതായി തോന്നി... പൊലിയും മുന്നേ ഇമചിമ്മി മറയുന്ന മിന്നാമിനുങ്ങുകളും ഉല്‍ക്കകളും ഇടക്കിടെ എന്റെ ദൈന്യതയുടെ വിരൂപരൂപം വെളിപ്പെടുത്തി... നാണംകെട്ടു പോയ ആ നിമിഷങ്ങളില്‍, വിളറിയ ഒരു ചിരിയോടെ ഞാന്‍ ലോകത്തെ നോക്കി... മാനം പോയ ആനനം ആരും കണ്ടുകാണില്ല എന്നു ആയിരം വട്ടം മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു...സ്വയം ആശ്വസിക്കും....

എങ്കിലും തീരത്തോടടുക്കുമ്പോള്‍, നുരഞ്ഞു പൊന്തുന്ന തിരമാലകളുടെ വീര്യം കാണുമ്പോള്‍, ജീവിതത്തോട്‌ വല്ലാത്ത ഒരു അഭിനിവേശം സിരകളില്‍ പതഞ്ഞൊഴുകും...അതു പകരുന്ന ആവേശത്തില്‍, മതി മറന്നു ദിനരാത്രങ്ങള്‍ ഞാന്‍ പണിയെടുത്തു... ഋതുക്കള്‍ മാറുന്നതു ചിലരൊക്കെ ഓര്‍മ്മപെടുത്തിയിട്ടും... ജീവിതത്തോടുള്ള ആസക്തി... എന്നെ കൂടുതല്‍ കൂടുതല്‍ സ്വപ്നങ്ങള്‍ നെയ്യാന്‍ പ്രേരിപ്പിച്ചു...അതിനായ്‌ കൂടുതല്‍ അദ്ധ്വാനിച്ചു... ക്ഷീണം തോന്നിയ നിമിഷങ്ങളില്‍, കണ്ണുകളടച്ച്‌, ആഗ്രഹങ്ങളുടെ തറിയില്‍ കടഞ്ഞെടുത്ത വര്‍ണ്ണനൂലുകള്‍ക്ക്‌ കടുത്ത ചായം പകര്‍ന്നു...ഒത്തിരി നേരം തുറന്നിരിന്നതു കൊണ്ടാവാം , കണ്‍പാളികള്‍ അടഞ്ഞപ്പോള്‍, ഈറന്‍ പീലികള്‍ അറിയാതെ തുളുമ്പി...പിടിവിട്ട വെള്ളി നൂലുകളായി അവ താഴേക്കു പാഞ്ഞു...വയ്യായ്ക വകവ്യ്ക്കതെ ഞാന്‍ ചെളിപുരളാത്ത നീര്‍മണികള്‍ നുള്ളിയെടുത്തു... വെറിച്ചുതുടങ്ങിയപ്പോള്‍ ഉണക്കാനിട്ട എന്റെ സ്വപ്നവര്‍ണ്ണങ്ങള്‍ കണ്ടവര്‍ എന്റെ വര്‍ണ്ണ ശേഖരത്തെ പ്രകീര്‍ത്തിച്ചു... ചിലര്‍ അവ പകര്‍ത്താന്‍ ശ്രമിച്ചു... ചിലര്‍ ഞാന്‍ സൗഹൃദം പുതുക്കാന്‍ വരുമെന്നു പേടിച്ചു വീടുകളില്‍ കയറി വാതില്‍ കൊട്ടിയടച്ചു... നിരാശയും വേദനയും തോന്നിയെങ്കില്ലും നിര്‍വികാരതയുടെ മൂടുപടമണിഞ്ഞു ഇവയൊക്കെ ഞാന്‍ നേരിട്ടു...

കാലം എല്ലാം മറക്കുമെന്നും, എന്റെ പ്രിയപ്പെട്ടവര്‍ എന്നെ വീണ്ടും സ്നേഹിക്കുമെന്നും പേരറിയാത്ത, ആളറിയാത്ത നാടുകളിലൂടെയുള്ള സഞ്ചാരത്തിനിടയിലും ഞാന്‍ സ്വപ്നം കാണുമായിരുന്നു...ഓടുവില്‍ വിധി കാറ്റിന്റെ ചിറകിലേറി എന്നെ കൂട്ടി കൊണ്ടു വന്നു... എന്റെ സ്വന്തം തറവാട്ടിലേക്ക്‌...സ്നേഹവും, സന്തോഷവും, സമൃദ്ധിയും പച്ചപ്പും പ്രതീക്ഷിച്ചു വന്ന എന്റെ മുന്നില്‍ നിര്‍വികാരതയും, ദാരിദ്ര്യവും വരള്‍ച്ചയും താന്‍പോരിമയ്കൊപ്പം മത്സരിച്ചു നിന്നു... എന്നിട്ടും എല്ലാം ശരിയാകും എന്നു കരുതി, എനിക്കുള്ളതെല്ലാം ദാനം ചെയ്യാന്‍ ഞാന്‍ തയ്യാറായ്‌... മാതൃത്വത്തിന്റെ ചൂടില്‍ തിളപ്പിച്ചാറ്റാന്‍ പറ്റുന്ന സ്നേഹത്തിന്റെ നീര്‍ച്ചാലുകള്‍ ഞാന്‍ അന്വേഷിച്ചു... ഒന്നും ഞാന്‍ കണ്ടില്ല... സ്വാര്‍ത്ഥത നിറഞ്ഞു നില്‍ക്കുന്ന മാനസങ്ങള്‍, എന്റെ നേര്‍ക്ക്‌ മുഖം തിരിഞ്ഞു നിന്നു...എന്നെ സ്വീകരിച്ചതു, വള്ളം കാണാത്ത, അനാഥക്കുളങ്ങള്‍ മാത്രമായിരുന്നു... സഹായത്തിനായ്‌ ഞാന്‍ സമീപിച്ച, സ്നേഹം തീണ്ടിടാത്ത, മൊട്ട കുന്നുകളുടെ കൂര്‍ത്ത നഖങ്ങള്‍ എന്റെ ഉള്ളില്‍ ആഴ്‌ന്നിറങ്ങി...അവ എന്നെ പിച്ചിചീന്തി...അപ്പൂപ്പന്‍ താടിപോലെ മലങ്കാറ്റ്‌ എന്നെയ്യൂതി കളിച്ചു...കീറിമുറിക്കപ്പെട്ട എനിക്ക്‌ കരയുവാനോ ചിരിക്കുവാനോ പറ്റുന്നില്ല... കാറ്റടിക്കുമ്പോള്‍ നീറുകയും, വെയിലേല്‍ക്കുമ്പോള്‍ പുകയുകയും ചെയ്കയാല്‍ എനിക്ക്‌ ഒരിടത്തു തന്നെ നില്‍ക്കാനാകുന്നില്ല... അതു കൊണ്ടു തന്നെ എനിക്കു നിന്നെ കുളിരുകൊണ്ട്‌ മൂടാനുമാവുന്നില്ല... തരളമോ പ്രഷുബ്‌ധമോ ആയ വികാരങ്ങള്‍ എല്ലാം തന്നെ ഇന്നു എനിക്ക്‌ നഷ്ടപെട്ടിരിക്കുന്നു...

ആകെ അവശേഷിക്കുന്നതു, എന്റെ ജീവന്റെ ജീവനായ, എന്റെയുള്ളിലെ തുടിപ്പിനെ ഇപ്പോഴും നില്‍നിര്‍ത്തുന്ന എന്റെ സ്വപ്നങ്ങളുടെ ഈ മാരിവില്ലു മാത്രമാണ്‌... അതു നഷ്ടമാകാതെ...വാത്സല്യവും സംരക്ഷണവും നല്‍കാന്‍...സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ വെടിഞ്ഞു...പരസ്പരം സ്നേഹിച്ചും, സഹായിച്ചും... കുളിരും ചൂടും പകരാന്‍ തയ്യാറായി നീയുണ്ടാവുമോ... കാലത്തിനൊപ്പം നീങ്ങാന്‍...ജനിക്കും മൃതിക്കുമിടയിലെ പോരായമകള്‍ പങ്കുവക്കാന്‍...കാലം കോലം കെട്ടുന്ന അജ്ഞതയെ നേരിടാന്‍...

2 Comments:

Blogger വര്‍ണ്ണമേഘങ്ങള്‍ said...

ഈ വാക്കുകള്‍, പിന്നിട്ട വഴിത്താരകളിലേയ്ക്ക്‌ പിടിച്ച്‌ വലിയ്ക്കുന്നു, പിന്‍ തിരിഞ്ഞ്‌ പോരാനാകാത്ത വണ്ണം.!

6:10 AM  
Blogger ജയിംസ് സണ്ണി പാറ്റൂർ said...

സ്വപ്നക്കൂടെരിക്കാനെത്തും
വിധിയെന്ന കനലണ
യ്ക്കാനേഴു സമുദ്രത്തിന്‍
ജലത്തിനുമാകിടുമോ ?

12:30 PM  

Post a Comment

<< Home