മോഹങ്ങള്‍
കിളികളോരോന്നും പറന്നകന്നോരെന്‍
കൂട്ടിനുള്ളില്‍ ഞാന്‍ തനിയെ പാടുമെന്
മനസ്സിനോര്മ്മകളേറ്റുപാടുവാന് സ്വരങ്ങളെത്തുമോ
മൌനനൊമ്പരമിടറിപാടുവാന് പദങ്ങളുണ്ടാമോ
നോവുമിന്നലേകള് നീറിക്കേഴുമ്പോള്
തെളിഞ്ഞ മഞ്ഞുപോല്‍ കുളിരുമെത്തുമോ
നടന്നുവന്നോരെന് ചുവട് മായുമ്പോള്‍
നടന്നു പോകാനായി വഴികളുണ്ടാമോ
മറഞ്ഞ ദിക്കുകള്‍ നിറഞ്ഞു കാണുവാ-
നണഞ്ഞ ദീപങ്ങള്‍ നിറഞ്ഞു കത്തുമോ
സ്നേഹദ്വീപുകള് വരണ്ടുമായുമ്പോള്
തളിര്‍ത്ത സ്വപ്നങ്ങള്‍ തേടിയെത്തുമോ
വരണ്ടു പോയൊരെന്‍ നീര്‍ച്ചാലുകള്‍
നിറഞ്ഞുതുളുമ്പുവാന് സ്നേഹമെത്തുമോ
മറന്നു പോയൊരെന്‍ വരകള്‍ മായുമ്പോള്‍
വിടര്‍ന്ന പൂവുപോല്‍ നിറങ്ങളെഴുതുമോ
നിമിഷപൂവുകളിടര്ന്നു വീഴുമ്പോള്‍
മൌനമോഹങ്ങളിതള് വിരിക്കുമോ
ദിനങ്ങളോരോന്നും കടന്നു പോകുമ്പോള്‍
മറഞ്ഞ നിഴലുകള്‍ തിരികയെത്തുമോ
അലഞ്ഞലഞ്ഞു പോവുമീയറിയാ ജീവിത-
മറിഞ്ഞു കാണുവാന്‍ വെളിച്ചമുണ്ടാമോ
അകന്നു പോകുമെന്നാശയോരോന്നും
തിരികെ വന്നെന്നില്‍ നിറഞ്ഞു പെയ്യുമോ
പറന്നകന്നോരെന്‍ കിളികളോരോന്നും
കൂട്ടിനുള്ളിലായ് തിരികെയെത്തുമോ
വെറും മോഹമായിതു കടന്നു പോകുമോ
വെറുതെയെങ്കില്ലും ഞാന്‍ മോഹിച്ചുപോവുന്നൂ..
4 Comments:
മാഗൂ, കവിത നന്നായിട്ടുണ്ട്. എങ്കിലും, കവിത എഴുതുമ്പോള്‍ വരികള്‍ക്ക് ഒരു തുടര്‍ച്ചയുണ്ടാവാന്‍ ശ്രമിക്കുക. വാക്കുകള്‍ ഇടമുറിയാതെ നോക്കുമല്ലോ?.
ഓ:ടോ: എന്താ ഇത്ര സങ്കടം? കവിതകളില്‍ സങ്കടങ്ങള്‍ നിറഞ്ഞ് നില്ക്കുന്നു.
മറഞ്ഞ് പോയതും, മാഞ്ഞ് പോയതും
കരളിന്റെ വിങ്ങല്‍ കാണാതെയാകാം..
ഒന്നും തിരികെയെത്താതിരുന്നാലും....
ഓര്‍മ്മകളില്ലാതെ വരില്ലല്ലോ..!
അനംഗാരി - തീര്‍ച്ചയായും
വര്‍ണ്ണം - :)
തിരികയെത്തുമോ ith~ തിരികെയെത്തുമോ എന്നാവുന്നതല്ലെ ഭംഗി. ഈ ഐ.റ്റി പ്രൊഫഷണലുകള്‍ മലയാളത്തില്‍ കവിതയെഴുതുമ്പോള്‍ മക്കളെ മലയാളം പഠിപ്പിക്കാത്ത അമ്മമാര്ക്കുനേരെയുള്ള ഒരു കളിയാക്കലല്ലെ എന്നൊരു സംശയം.
Post a Comment
<< Home