മഴമേഘങ്ങള്‍

കറുത്ത മേഘങ്ങപടലങ്ങളെ വകഞ്ഞ് മാറ്റി;ചാറി തുടങ്ങിയാല്,അടിവച്ചുു കളിക്കുന്ന കുഞ്ഞിന്റ്റെ ആര്൫തയോടെ;ഞര൩ുകളിലാകെ ഉറഞ്ഞുകൂടന്ന സ്നേഹത്തിന്റ്റെ നനുത്ത തണുപ്പോടെ..

Tuesday, March 28, 2006

കേള്‍ക്കാതിരിക്കരുതേ...തോരാതെ പെയ്യാം ഞാന്‍
‍ശുഷ്കിച്ചാലും ശമിക്കാതെ...
പിഞ്ഞിചിതറിയാലും അറുതിയില്ലാതെ...
നീ കുളിര്‍ന്നീടില്‍...
നീ തളിര്‍ത്തീടില്‍...
അത്രമേല്‍ ഇഷ്ടമാണെനിക്കു നീ...

Monday, March 20, 2006

തിരിച്ചറിവ്‌...

നമ്മള്‍ കടല്‍ക്കരയിലെത്തിയപ്പോള്‍ പടിഞ്ഞാറ്‌ സൂര്യനസ്തമിക്കാന്‍ തയ്യാറെടുത്തു കഴിഞ്ഞിരുന്നു...
ആളൊഴിഞ്ഞ മണല്‍തിട്ടയില്‍ നമ്മളിരുന്നു... അടുത്തെങ്കിലുമന്യരെ പോലെ... ഏറെ നേരത്തെ നിശ്ശബ്ദതക്കൊടുവില്‍ നീ സംസാരിച്ചു തുടങ്ങി...
നിനക്കു എന്തൊക്കയോ പറഞ്ഞുതീര്‍ക്കാനുണ്ടായിരുന്നു...
മരുഭൂമിയില്‍ മഴമേഘംകണ്ടവന്റെ ഉത്സാഹതിമിര്‍പ്പായിരുന്നു നിനക്ക്‌..
നിന്റെ നിരാശകളെ നീ പരിചയപ്പെടുത്തി തന്നു...
നിന്റെ ഏകാന്തതകളെ കുറിച്ച്‌ നീ വാചാലനായി...
നിന്റെ നെടുവീര്‍പ്പുകളെ നീ കോറിയിട്ടു..
നിന്റെ വാക്കുകളില്‍ ഞാനെന്റെ സ്വരം തിരിച്ചറിയുകയായിരുന്നു...
നിന്റെ വിങ്ങലുകളില്‍ എന്റെ ഹൃദയമിടിപ്പറിയുകയായിരുന്നു...
ഒന്നും പറയാതെ ഞാനെല്ലാം കേള്‍ക്കുന്നുണ്ടായിരുന്നു...
ആരും കാണാതെ നെഞ്ചിലോളിപ്പിച്ചു വച്ച നിശ്വാസങ്ങളുടെ ചൂടറിയുകയായിരുന്നു...
കനംതൂങ്ങിയ മിഴികളില്‍ നിന്റെ വികാരങ്ങളുടെ ഭാരം ഞാന്‍ അറിഞ്ഞു...
നിന്റെ കണ്ണുകളിലേക്കു നോക്കവേ, നീ അസ്വസ്ഥനാകുന്നതു ഞാന്‍ കണ്ടു...
ഇടയ്ക്കൊന്നു നിന്ന ചെറുചാറ്റല്‍ മഴപോലെ, നീ നിശ്ശബ്ദനായി...
നീ എന്റെ കണ്ണുകളുടെ ആഴങ്ങളിലേക്കു ഇറങ്ങാന്‍ തുടങ്ങിയപ്പോള്‍, ഞാന്‍ നോട്ടത്തെ അടര്‍ത്തി മാറ്റി...
നീ എന്റെ ഭാവങ്ങളില്‍ നിന്ന് ചിന്തകളെ വേര്‍ത്തിരിക്കാന്‍ ശ്രമിച്ചതാണെന്നറിഞ്ഞുകൊണ്ട്‌...
ഒന്നും പറയുവനാവാതെ , ഹൃദയത്തില്ലെവിടയോ ദുഃഖം കനക്കുന്നു...
കാര്‍പടലം കൂരിരുള്‍പടര്‍ത്തി കാഴ്ചയുടെ നിലാവുമാച്ചു കളഞ്ഞു...
നിന്റെ ഏകാന്തതയുടെ തീക്ഷണതയില്‍ ...വേദനകളുറഞ്ഞുപോയ എന്റെ കണ്ണുകളുടെ ആഴങ്ങള്‍... ഉറവ പൊട്ടി ഊറിതുടങ്ങിയിരുന്നു...
എന്റെ കണ്‍പീലികളിലൂടെ അരിച്ചിറങ്ങി ... എന്റെ കവിളുകളിലൂടെ ഒലിച്ചിറങ്ങിയ മഴത്തുള്ളികള്‍ സ്വപ്നങ്ങളായിരുന്നു... മോഹങ്ങളുടെ വര്‍ണ്ണവില്ലൊളിപ്പിച്ചു വച്ച ഒരു മഴമേഘത്തിന്റെ കരച്ചിലായിരുന്നു...
നീര്‍മഴയുടെ തണുത്ത സാന്ദ്വനത്തില്‍ കണ്ണുകളടച്ചിരിക്കേ,
നീ എന്റെ നിഴലായുരുന്നുവെന്നു ഞാന്‍ തിരിച്ചറിഞ്ഞു...

Sunday, March 19, 2006

ഇന്ന്

ഇന്നലെ പ്രസവിച്ചയ്യിന്നിന്‍ കുരുന്നിനെ കുറിച്ച്‌
ലോകത്തിനമ്മ ഭൂമിയാമമ്മ വര്‍ണ്ണിക്കുന്നേ
ഇവള്‍ അമ്മയെപ്പോല്‍ സുന്ദരി- എന്നാശങ്കയുമല്ലോ
കൊഞ്ചിക്കാനോമനിക്കാനോമനയിവള്‍ - കിളികള്‍ക്കാനന്ദമല്ലോ
കുലചക്രം നയിക്കാന്‍ കെല്‍പ്പോളിവള്‍ - കാലത്തിന്നാശ്വാസമല്ലോ
അമ്മയെ പട്ടടക്കെടുപ്പോളിവള്‍ - ചിലര്‍ക്കുമുടിഞ്ഞോളല്ലോ

മണ്ടി കളിക്കുമ്മിന്നിന്‍ പൈതലെ കണ്ടിട്ട്‌
ലോകത്തിനമ്മ ഭൂമിയാമമ്മ ചൊല്ലുന്നേ
കൊച്ചരി പല്ലുകാട്ടിച്ചിരിക്കുമിവ - ളമ്മതന്നോമനയല്ലോ
ഊഴിയിലാദ്യമായ്‌ പിച്ചവപ്പവള്‍ - മണ്ണിന്‍ പ്രസാദമല്ലോ
കൌതുകമോടെല്ലാം ചികയും - ദിനത്തിന്നുത്സാഹമല്ലോ
പുതുപാഠം പഠിക്കേണ്ടോള്‍ - ലോകത്തിന്‍ പ്രതീക്ഷയല്ലോ

അഗ്നികണക്കയീ ജ്വലിക്കുമ്മിന്നിന്‍ കൌമാരമോര്‍ത്ത്‌
ലോകത്തിനമ്മ ഭൂമിയാമമ്മ പരിഭവിക്കുന്നേ
ശുണ്ഠിയുള്ളോളെങ്കിലുമിവള്‍ - അമ്മക്കു പൊങ്കുഞ്ഞുതാനല്ലോ
നീരുവറ്റിയവെയിലായോള്‍ - ക്കാരുമേ തണലായില്ലല്ലോ
വെയില്‍ മൂത്തകനലായിടുവോള്‍ - നാടിനു നെരിപ്പോടല്ലോ
കനല്‍കാറുമഗ്നിയായവള്‍ - കൊള്ളയ്മക്കുക്കൊള്ളിയകുമല്ലോ

അരുണാഭമാര്‍ന്നു നില്‍ക്കുമ്മിന്നിന്‍ യുവതിയെ കണ്ടിട്ട്‌
ലോകത്തിനമ്മ ഭൂമിയാമമ്മ വിഷമിക്കുന്നേ
പ്രായമെത്തിയോരു പുത്രിയിവള്‍ - അമ്മക്കുല്‍ക്കണ്ഠയേറ്റിടുമല്ലോ
അന്തിത്തണുപ്പുള്ളോരാര്‍ദ്ര - യുവനെഞ്ചിന്‍ ലഹരിയല്ലോ
നെറുകയില്‍ കുങ്കുംകുറിയണിഞ്ഞോള്‍ - സൂര്യന്റെ വധുവല്ലോ
പകലിന്റെ വിഴിപ്പു ചുമക്കുന്നോളിവള്‍ - രാത്രിയുടെ ദുഃഖവുമല്ലോ

അങ്ങനെ,
എപ്പോഴുമോടും സമയത്തോട്‌ മത്സരിക്കേയവള്‍ - നാളെക്കു നഷ്ടമായല്ലോ

Tuesday, March 14, 2006

ഓര്‍ക്കുന്നുവോ നീ ...

രാവിന്‍ തിരുമുറ്റത്തു
ആതിരാപെണ്‍ക്കൊടി കൊളിത്തിയൊരാ
പൊന്‍ വിളക്കണയാതെരിയുന്നേരമെന്‍
ജാലകവാതിലില്‍ വന്നു നിശ്ശബ്ദം വിളിക്കയാം
എന്നോമന സഖിയെന്നേകാന്തത
"നീയെന്നണിയത്തു ചേര്‍ന്നുനില്‍ക്ക
തെളിമഞ്ഞു മിനുക്കിയൊരാനന്മുഖം കണ്ടോട്ടേ ഞാന്‍
കൈകോര്‍ത്തുനില്‍ക്കാം നമുക്കീ
മറവിതന്‍ മഴക്കാര്‍ മൂടും
ഓര്‍മ്മതന്‍ താഴ്വാരത്തില്‍

ഓര്‍ക്കുന്നുവോ,
ആര്‍ദ്രത നീട്ടിയ കര്‍പ്പൂരനാളത്തിന്‍ പിന്നിലായി
അനുരാഗം ചൊല്ലിപ്പറഞ്ഞ മന്ത്രങ്ങള്‍ക്കിടയില്‍
ഞാന്‍ നിന്‍ കൈ പിടിച്ചു സ്വന്തമാക്കിയ നേരം.

എന്തിനെന്നറിയാതെ നിന്‍ കണ്ണിണകളില്‍ തുളുമ്പി
യൊരാമണിമുത്തുകള്‍ ഞാന്‍ വീഴാതെമെല്ലെയൊപ്പിയതും
മലയാണ്മമുറുക്കിച്ചുവപ്പിച്ചതാം നിന്‍ ചുണ്ടുകളില്‍
സ്നേഹത്തിന്‍ ചോപ്പുകണങ്ങള്‍ ഞാന്‍ തിരഞ്ഞതും
അക്ഷരങ്ങള്‍ കോര്‍ത്തുനാം പാടിയപാണന്‍ പാട്ടുകളും
സ്നേഹത്തിന്‍ പഞ്ചാക്ഷരി കടഞ്ഞുനാം നിറച്ച പുള്ളുവക്കുടങ്ങളും
സ്വപ്നങ്ങള്‍ തുള്ളിചിരിച്ചുകൊണ്ടാടിയായൂഞ്ഞാല്‍ പാട്ടുകളും
കാലങ്ങള്‍ കടന്നുപോയി, ട്ടെന്നോ പെയ്തകനല്‍മഴ
നെഞ്ചകമാകെ വ്രണിതമായി, നൊമ്പരമായി മാറിയ നാള്‍
ശ്രുതിതെറ്റി, ഇടതാളം മുറിഞ്ഞ ഹൃദയത്തിന്‍ സ്പന്ദനം കേട്ടിട്ട്‌
നെഞ്ചിടറിപ്പാടിയ രാവുകളുമോര്‍ക്കുന്നുവോ
നൊന്തിട്ടും നോവിക്കാതെ നാമന്യോന്യമൂന്നായകാലം"
** **
ഓര്‍ക്കുന്നു ഞാനല്ല... ഓര്‍ക്കുന്നതെന്തിനു
കാലങ്ങള്‍ കടന്നിട്ടും,
നീട്ടിയ കൈകുമ്പിളില്‍, വാര്‍ത്തുതന്നോരാജലം കുടിച്ചു ഞാന്‍
പതിതമാം കാലത്തിന്നറിയാത്ത വഴികളിലൂടെ കടന്നുപൊകിലും സഖീ
ഇന്നും നടന്നു പോകെക്കണ്‍കളെന്നും
നീ നീട്ടുമാ ദീപവും നോക്കി നടന്നീടുന്നു
ദിക്കുകള്‍സാക്ഷിയായി ...
ഏതോ വിളിക്കു പിന്നിലായി ....

Monday, March 13, 2006

അടുത്ത ജന്മത്തിലെങ്കിലും ....

വീണ്ടും ഒരു ജന്മമം ഉണ്ടോയില്ലയോ എന്നതു ഇവിടെ പ്രസക്തമല്ല. അങ്ങനെ ഒന്നുണ്ടെങ്കില്‍ എനിക്കു ഒരു പട്ടിയായി ജനിക്കണം.(ഈ ജന്മത്തില്‍ തന്നെ അതാണല്ലോ എന്നു ഓര്‍മ്മപ്പെടുത്താന്‍ 'പട്ടീ'-ന്നു സ്നേഹപൂര്‍വ്വം നീട്ടി വിളിച്ചു അസൂയാലുക്കള്‍ തെറ്റിധരിപ്പിക്കാന്‍ ശ്രമിക്കാറുണ്ട്‌.) ഇതു ഇന്നും ഇന്നലെയും തുടങ്ങിയ ആഗ്രഹമൊന്നുമല്ല. ഇതു മനസ്സില്‍ കൊണ്ടു നടക്കാന്‍ തുടങ്ങിയിട്ടു 7-8 കൊല്ലമായി. ഇന്നു ആ ആഗ്രഹം വല്ലാതെ മനസ്സില്‍ കേറികൂടിയിരിക്കുന്നു.

ആദ്യമായി 'പട്ടി' സ്നേഹം/ആരാധന തുടങ്ങിയതു ഞാന്‍ നെതര്‍ലാന്‍സ്സില്‍ പോയപ്പോഴായിരുന്നു. തനി സസ്യഭുക്കായ എനിക്കു (അന്നൊന്നും ഇക്കാലത്തെ പോലെ സായിപ്പന്മാരുടെ ഇടയില്‍ വെജിറ്റേറിയന്മാര്‍ അധികമില്ല.)അന്തകാലത്തു ആകെ കിട്ടിയിരുന്ന ഭക്ഷണം കുറേ ഇലകളായിരുന്നു. ഹോട്ടല്‍ താമസവും പച്ചിലതീറ്റയും എന്നെ പശുവിനു കൊടുക്കുന്ന കാടിവെള്ളം കിട്ടിയാല്‍ പായസ്സമ്മായി കരുതി കുടിക്കാന്‍ പോലും പ്രേരിപ്പിച്ചിരുന്നു. ജോലി കഴിഞ്ഞു റൂമ്മില്‍ വന്നു ടിവി ഓണ്‍ ചെയ്താല്‍ പട്ടി ഫുഡിന്റെ പരസ്യമാണധികവും. കാണുമ്പോള്‍ നല്ല രുചികരമായി തൊന്നുന്ന സ്വന്തം ഫുഡ്‌ പരസ്യത്തിലെ പട്ടി സ്വാദോടെ ആസ്വദിച്ചു കഴിക്കുന്നതു കണ്ടു ഞാന്‍ പട്ടിയോട്‌ അസൂയപ്പെടുകയും കൊതിയൂറുകയും ചെയ്യാറുണ്ടായിരുന്നു. (പറയാതെപറ്റില്ല, ഭക്ഷണ പരസ്യങ്ങളില്‍ ഏറ്റവും ആകര്‍ഷണീയം പട്ടി ഫുഡ്‌ പരസ്യമായിരുന്നു.) മിക്കവാറും പരസ്യത്തിലെ പട്ടി വയറിളക്കം ബാധിച്ചു മരിച്ചു പൊയിട്ടുണ്ടാവും.ഏതേലും സൂപ്പര്‍മാര്‍ക്കറ്റില്‍ കേറിയ്യാലോ മനുഷ്യന്മാരുടേതിന്നുതുല്യമോ അതില്‍ കൂടുതലോ സെക്ഷന്‍സ്സ്‌ പട്ടി ഫുഡ്‌ കയ്യടക്കിയിരിക്കും. എങ്ങനെ ഞാന്‍ ഇതൊക്കെ സഹിക്കും.

ഇതൊന്നുമല്ല. ഒരു ദിവസം ഒരു ഡച്ചു കുടുംബം എന്നെ വീട്ടിലെക്കു ക്ഷണിച്ചു. അവിടെ എത്തിയപ്പോള്‍ എന്നെ സ്വീകരിക്കാന്‍ വീട്ടുകാരനും വീട്ടുകാരിയും കൂടാതെ സുന്ദരന്മാരും സുന്ദരികളുമായ ആറു പട്ടികള്‍. സുന്ദരന്മാരെല്ലാം ഷര്‍ട്ടും ട്രൌസ്സറും സോക്ക്സും ധരിച്ചിട്ടുണ്ട്‌. സുന്ദരിമാരുടെ വേഷം സ്കേര്‍ട്ടും ഷര്‍ട്ടും സോക്ക്സും. ഒരിത്തി കണ്ണടയും ഫിറ്റ്‌ ചെയ്തിട്ടുണ്ട്‌.
വീട്ടുകാരി എന്നെ അവരുടെ 'മക്കളെ' (പട്ടി സണ്‍സ്‌ ആന്റ്‌ ഡോട്ടേര്‍സ്‌) പരിചയപെടുത്തി. എല്ലാവരും പ്രായത്തിനനുസരിച്ചു, എനിക്കു രണ്ടു കാലില്‍ നിന്നു കൊണ്ടു ഷെയ്ക്‌ ഹാന്‍ഡ്‌ തന്നു. പേടിയോടെ ഞാനും കൈ കൊടുത്തു, കൂടെ വാല്‍കക്ഷണമായ്യി 'ആസ്ത്‌ ബ്ലീഫ്‌' -ഉം തട്ടിവിട്ടു.
കുറേ സംസാരിച്ചിരുന്ന ശേഷം ഞങ്ങള്‍ ഭക്ഷണം കഴിക്കാനിരുന്നു. നമ്മുടെ സാമ്പാര്‍ പോലെ തൊന്നിക്കുന്ന ഒരുതരം സൂപ്പ്‌ എന്റെ മുന്നിലേക്കു നീങ്ങി നിന്നു. ഒത്തിരി നാളുകള്‍ക്കു ശേഷം ഞാന്‍ കാണുന്ന ഇരുകാലി ഭക്ഷണമം...ആക്രാന്തം അല്ലാതെന്തു പറയ്യാന്‍... നല്ല ചൂടും, എരിവും.. ഭാഗ്യം നാവു പൊള്ളിയതു കാരണം , രുചിക്കുറവ്‌ അനുഭവപ്പെട്ടില്ല. അതു കഴിഞ്ഞപ്പോള്‍ ദേ വരുന്നു... നല്ല ചുവന്ന നിറത്തില്‍ ഒരു പ്ലേറ്റ്‌ ചോറ്‌. (ഇവരുടെ വിചാരം നമ്മള്‍ ഇന്ത്യാക്കാര്‍ മുളകുപൊടിയാ കഴിക്കുന്നേന്നാ)
ആ ചുവപ്പന്‍ എനിക്കു മുന്നില്‍ വന്നു നിന്നതു മുതല്‍ ഞാന്‍ തുമ്മാന്‍ തുടങ്ങി. കഴിക്കാനും പറ്റില്ല... നോക്കിയിരിക്കാനും പറ്റില്ല. വിശപ്പും തുമ്മലും കൂടി എന്നെ അവശയാക്കി എന്നു മാത്രം പറഞ്ഞാല്‍ മതി. അപ്പോഴാ... എന്റെ ആറു ആരാധനാമൂര്‍ത്തികളുടെ മുന്നില്‍ ... നിര നിര ആയി പലതരത്തിലെ ഭക്ഷണം... കണ്ണട കാരിയുടെ മുന്നില്‍ ഒരു ബൌള്‍ നിറയെ ജെംസ്‌ മിട്ടായി(അതു പോലെ തോന്നിക്കും). ഞാന്‍ കൊതിയോടെ അതു നൊക്കുന്നതു കണ്ടിട്ടാണോ എന്തോ ...വീട്ടുകാരി പറഞ്ഞു...കണ്ണട ക്കാരിക്കു അതു മാത്രമേ ഇഷ്ടമുള്ളൂ... അതുകൊണ്ടു അതു വാങ്ങി സ്റ്റോക്ക്‌ ചെയ്യും. മറ്റുള്ളവര്‍ക്കു അതിഷ്ടമില്ല... എനിക്കു അവളോട്‌ കൂടുതല്‍ അസൂയ... എനിക്കു ഇഷ്ടമുള്ള ആഹാരം എനിക്കു വേണ്ടി മാത്രം ആരുമിതുവരെ ഉണ്ടാക്കിതന്നിട്ടില്ല. വിശപ്പിന്റെ വിളി എന്നോട്‌ പലവട്ടം ...അവളുടെ ആഹാരം മതി എനിക്കും എന്നു പറയാന്‍ പ്രേരിപ്പിച്ചെങ്കില്ലും ... അഹം അതിനു തയ്യാറായില്ല എന്നതാണു സത്യം.
ഈ സംഭവം കഴിഞ്ഞു ... പലപ്പോഴും എന്റെ യാത്രകളില്‍ അസൂയ കുശുമ്പ്‌... മുതലായ വികാരങ്ങളുളവാക്കി എന്റെ പട്ടി ബ്രതേര്‍സ്‌ ആന്‍ഡ്‌ സിസ്റ്റേര്‍സ്‌ എനിക്കുണ്ടാക്കി തന്ന വിഷമം ചെറുതല്ല. ഇതൊക്കെ കഴിഞ്ഞ്‌ ഞാന്‍ യു. എസ്സില്‍ ആദ്യമായി വന്ന നാള്‍, എന്റെ പ്രൊജക്ടിന്റെ ടിറക്ടര്‍ അവരുടെ പട്ടിയെ ഒരാഴ്ച നോക്കാന്‍ 3000 ഡോളര്‍ കൊടുക്കുന്നു എന്നറിഞ്ഞപ്പോള്‍ വീണ്ടും എന്നിലെ വികാരം ശക്തമായി... എന്റെ കുട്ടിക്കാലത്ത്‌ , എന്റെ വീട്ടില്‍ നാലഞ്ചു ജോലിക്കരുണ്ടായിരുന്നു... അവര്‍ക്കെല്ലാവര്‍ക്കും കൂടി ഒരു മാസം പോലും അത്രെയും രൂപ കിട്ടില്ല. പോട്ടെ എനിക്കു മാസം അത്രെം അലവന്‍സ്‌ കിട്ടില്ല.. ഇപ്പോ എനിക്കു തോന്നിയ വികാരം അസൂയ അല്ല... അതിനുള്ള വാക്ക്‌ എനിക്കറിയില്ല... (വിവരം ഇല്ല എന്നര്‍ത്ഥം.) ഒരു തരം സഹതാപം... എന്നെ വളര്‍ത്താന്‍ എന്റെ അച്ഛനുമമ്മക്കും ഇത്രേം കാശു വേണ്ടിവന്നില്ല... എന്നാല്‍ പട്ടിയെ വളര്‍ത്താന്‍ എത്ര കാശാ മുതല്‍ മുടക്ക്‌...
അതു കഴിഞ്ഞു ഈ ശനിയാഴ്ച, ഇതെഴുതാന്‍ എന്നെ പ്രേരിപ്പിച്ച സംഭവമുണ്ടാകുന്നേ... ഞാന്‍ നേരത്തേ പറഞ്ഞ വീട്ടുകാരിയുമായി ഫോണിലൂടെ സംസാരിക്കാനിടയായി. പല വിശേഷങ്ങള്‍ കൈമാറുന്നതിനിടയില്‍, അവര്‍ അവരുടെ ദുഃഖം പറയുകയാ... അവരുടെ ആറു മക്കളില്‍ രണ്ടുപേര്‍ മരിച്ചു പോയി. രണ്ടുപേരേയും വീട്ടിനു പിറകിലെ പൂന്തോട്ടത്തിലാ അടക്കിയിരിക്കുന്നെ... ഒരാളുടെ കുഴിമാടത്തില്‍ റോസ്‌ ചെടിയും, മറ്റേ ആളുടേതില്‍ വെള്ള ലില്ലി യും വളര്‍ത്തുന്നു... അങ്ങനെ അവര്‍ അവരുടെ മക്കളെ കാണുന്നുണ്ടത്രെ... ഞാന്‍ വെള്ള ലില്ലി ആര്‍ക്കു വേണ്ടിയാണെന്നു എന്നന്വേഷിച്ചു...(കാരണം, എനിക്കു പൂക്കളിലിഷ്ടം വെള്ള ലില്ലിയോടാ.. വേറെ ചോദ്യത്തിന്നുത്തരമില്ല..) എന്റെ പഴയ സുഹൃത്തില്ലേ ആ കണ്ണടകാരിക്ക്‌... ഉടനെ എനിക്കുണ്ടായ ചിന്ത ... 'നിന്റെ സ്ഥാനത്തു ഞാന്‍ മതിയായിരുന്നു... അടുത്ത ജന്മത്തിലെങ്കില്ലും എനിക്കു നീയാകാന്‍ പറ്റിയെങ്കില്‍' ....

Wednesday, March 08, 2006

പറയാതെ വയ്യ

രണ്ടാഴ്ച കൊടുവില്‍ എനിക്കു പണി കിട്ടിയതു ഇന്നലയാ...കിട്ടി എന്നു പറഞ്ഞാല്‍ പോരാ... നല്ലോണം കിട്ടി...ഒന്നല്ല മൂന്നെണ്ണം ....എല്ലത്തിനും ടാര്‍ഗറ്റ്‌ വെള്ളിയാഴ്ച മാത്രമെ ഉള്ളൂ... അങ്ങിനെ തലയും കുത്തി നില്‍ക്കുമ്പോഴാ എന്റെ കതകില്‍ ഒരു മുട്ട്‌... ആദ്യം ഞാന്‍ ഒന്നാലോചിച്ചു... ഞാന്‍ വല്ല ബഹളവും ഉണ്ടാക്കിയോ... അതിനു തരമില്ല.... രാവിലെ മുതല്‍ ഈ ലാപ്റ്റോപ്പിന്റെ മുന്നില്‍ നിന്നും അനങ്ങിയിട്ടില്ല. മൊബൈയില്‍ മാത്രമെ ശബ്ദിച്ചുള്ളൂ... ഞാന്‍ അത്ര ഉച്ചത്തില്‍ സംസാരിക്കും എന്നു ആരും ഇതുവരെ പറഞ്ഞിട്ടുമില്ല. ഒരനുഭവം തന്ന പാഠം മറക്കാന്‍ പറ്റില്ലേ.. ഞാന്‍ ആയതു കൊണ്ടും, എന്റെ സമയം സൂര്യനെ പോലെ ജ്വലിച്ചു നില്‍ക്കുന്നതു കൊണ്ടും ഭയത്തോടെയാ (പേടിയില്ല ഭയം മത്രേയുള്ളൂ) വാതില്‍ തുറന്നെ.

ട്ഷ്ക്യൂൊ... ഇതിന്നാണോ ഞാന്‍ ഭയന്നേ... മുന്നില്‍ ദേ നില്‍ക്കുന്നൂ... പകുതി മനുഷ്യനും പകുതി റോസ്‌ ചെടിയും കൂടിയ ഒരു സായിപ്പു ജീവി... (നമ്മള്‍ ഈ കഥയിലൊക്കെ വയിക്കാറില്ലെ മത്സ്യകന്യക എന്നൊക്കെ, അതു പോലൊരെണം.) ദോഷം പറയരുതല്ലോ... നല്ല ചുവന്ന രക്തത്തുള്ളികള്‍ പോലത്തെ പൂക്കളാ... ഒന്നും മനസ്സിലകാതെ അന്താളിച്ചു നില്‍ക്കുമ്പോഴാ ... പൂക്കളുടെ ഇടയില്‍ നിന്നും ഒരു സ്വരം..

ഹല്ലോ !! യങ്ങ്‌ ലേഡി.. ഹൌ ആര്‍ യു റ്റുടേ..
ഞാന്‍ മറുപടി പറഞ്ഞു. (നോ ചോദ്യംസ്‌. ഞാന്‍ പറഞ്ഞതു അങ്ങോര്‍ക്ക്‌ നന്നേ പിടിച്ചു. എങ്ങനെ മനസ്സിലായി എന്നാവും.... ഇറ്റ്‌ ഇസ്‌ മൈ ലെഗ്‌ ആന്‍ഡ്‌ മൈ ഹെഡോഫീസ്‌..)

യൂ ആര്‍ വെരി ലക്കി റ്റു ഹാവെ വന്‍ഡര്‍ഫുള്‍ ഹസ്ബന്‍ഡ്‌...

നെഞ്ചിലേക്കു തുരതുരാ വെടിയുണ്ട പാഞ്ഞോന്ന് ഒരു സംശയം. ഏയ്‌ അടിച്ചു പോയില്ല... ശ്വാസം ഉണ്ടു...

തെറ്റ്‌.. തെറ്റു പറ്റിയതാവും. ഞാന്‍ സദ്ദൈര്യം പറഞ്ഞൊപ്പിച്ചു.

എന്റെ പേരും അഡ്രസ്സും ശരിയാണോ എന്നു നോക്കിയേ ?
ഇല്ല .. തെറ്റിയിട്ടില്ല... എല്ലാം കറക്റ്റ്‌..

ഈശ്വരാ!! ഞാന്‍ എപ്പോഴാ കെട്ടിയേ? കെട്ടുന്നതു പോട്ടേ... ഒരുത്തനും എന്നോട്‌ അങ്ങിനെ ഒരു തെറ്റും ചിന്തിചിട്ടു പോലും ഉണ്ടാവില്ല.

ആരാ അയച്ചേക്കുന്നേ?

S.R.R. Nair
Belguam
സ്ഥലം കേട്ടിട്ടുണ്ട്‌ എന്നല്ലാതെ എനിക്കു ഒരു ബന്ധവും ഇല്ലാത്ത ഊരാ...
ഇവിടെ ഒപ്പിടൂ...
ഗത്യന്തരം ഇല്ലതെ ഞാന്‍ ഒപ്പിട്ടു കൊടുത്തു...
പൂക്കളും, ഒരു പെട്ടിയും എന്റെ കയിലെക്കും വന്നു.
ഇതു കൊള്ളമാല്ലോ... ഞാന്‍ അറിയാത്ത ഒരു കക്ഷി...
ഫോണ്‍ അടിക്കുന്നു... മേശ പുറത്ത്‌ എല്ലാം വച്ചിട്ടു, ഞാന്‍ ഫോണ്‍ എടുത്തു..

ഹലോ ... മറുവശത്തു ഒരു കിളി നാദം..

ഞാന്‍ (പേരു പറഞ്ഞു)... ഞാന്‍ അങ്ങോട്ടേക്കു വരികാ...
എന്റെ ബോയി ഫ്രന്‍ഡ്‌ എനിക്കു ഒരു ബര്‍ത്തഡേ പ്രസന്റ്‌ അയച്ചിട്ടുണ്ട്‌... നിങ്ങള്‍ അവിടെ ഉണ്ടാവും എന്നുള്ളതു കൊണ്ടു ഞാന്‍ നിങ്ങളുടെ അഡ്രസ്സ്‌ കൊടുത്തു.

പലതും ചോദിക്കണം എന്നുണ്ടായിരുന്നു... എല്ലാം വന്ന വഴിയേ വിഴുങ്ങി...
എന്തിനാ എന്റെ പേരു വച്ചേ? എന്താ നിന്റെ പേരു വയ്ക്കാഞ്ഞേ....

മറ്റുള്ളവര്‍ അറിയാതിരിക്കാനാ... രണ്ടു പൊട്ടിക്കാനാ തോന്നിയെ... പിന്നെ തോന്നി വേണ്ട... എന്തായാല്ലും ഓസ്സിന്നു കിട്ടിയില്ലേ റെഡ്‌ റോസും, പ്രെസന്റും... അവസരം തന്നതിനു നന്ദി.. അല്ലാതെന്തു പറയാന്‍. നന്ദികേടു റ്റാട്ടരുതല്ലോ...

കുറേ കഴിഞ്ഞപ്പോള്‍ യഥാര്‍ത്ഥ നായിക എത്തി...

മേശപ്പുറത്തു ഇരിക്കുന്ന റോസ്‌ കണ്ടിട്ടു... കേറിയ പാടേ കഷി ദേഷ്യത്തിലാ...

ഇങ്ങനാണോ എന്റെ (ഡാഷ്‌) അയച്ച റോസ്‌ വയ്ക്കേണ്ടേ? നിങ്ങള്‍ക്കു ഇതിന്റെ വില മനസ്സിലാവില്ല ...എന്തു കാര്യമായിട്ടാ എനിക്കു (ഡാഷ്‌) പൂക്കള്‍ അയച്ചിരിക്കുന്നേ... എന്നിട്ടു അതിനെ ഒരു വിലയുമില്ലാതെ മേശ പുറത്തിട്ടേക്കുന്നതു കണ്ടില്ലേ....

പെട്ടന്നു ഞാന്‍ എന്റെ വായില്‍ ക്ലിപ്പ്‌ ഇട്ടു... അല്ലേല്‍ വല്ലോനും പുറത്തേക്കു ചാടിയാലോ... വെറുതേ ഒരു വയ്യാവേലി നമുക്കെന്തിനാ...

അതിന്റെ വില എനിക്കണോ, അതോ അയച്ചവനണോ ? അതോ അതു കിട്ടിയവള്‍ക്കാണോ മനസ്സിലകാത്തത്‌...

അജ്ഞ്താ യോഗം ....

Friday, March 03, 2006

ആരുമറിയാതെ

ഇന്നലെവന്ന മഴപെണ്‍ക്കിടാവിന്‍ തുള്ളിചിരികണ്ടിട്ടും കാണാതെ
ആ കിലുക്കാമ്പെട്ടിയുടെ പാതസരത്താളം കേട്ടിട്ടും കേള്‍ക്കാതെ
അവളോടൊപ്പമുള്ളചുവടുകളറിഞ്ഞിട്ടും മറന്നവളെപ്പോലെ
അവളെക്കാണ്‍കെ ചൂടാറുള്ളയാമുല്ലമാലകള്‍ കോര്‍ത്തിട്ടുമണിയാതെ
ദീര്‍ഘനേരം പായാരം ചൊല്ലിയവള്‍,വന്നതു പാഴായെന്നുകരുതി
പിന്നെ വരാമെന്നു പറഞ്ഞു രാത്രിയില്ലെപ്പോഴോ പൊയിമറഞ്ഞതും
ഇതൊന്നുമറിയാത്തപോല്‍ നീ നിസ്സംഗം ശാന്തയായിയിങ്ങനെ
പൊന്‍പുലരി വന്നുവിളിചിട്ടുമ്മലസ്സയായി മയങ്ങികിടക്കുന്നതെന്തേ
മിഴിനീരോടെയെതോപൊന്മുഖമോര്‍ത്തിരിക്കും പ്രണയിനിയെപ്പോല്‍
ഉണരുക!! ഉണരുക വേഗം...
വസ്സന്തത്തിന്‍ വര്‍ണ്ണകോലങ്ങളിട്ടു തുടങ്ങേണ്ടേ
സ്വപ്നമായി വീണപൂവുകളോരോന്നിറുത്തു കൊരുക്കേണ്ടേ
യാമങ്ങളെന്നും സുഗന്ധത്തിനാല്‍ നിറയ്ക്കേണ്ടേ
ആരുമിതറിയാതെ, ആരേയുമറിയിക്കാതെ

Wednesday, March 01, 2006

ഇനിയെങ്കില്ലും

ഇന്നു നിന്റെ പിറന്നാള്‍ ...
പതിവുപോലെ ഞാന്‍ നിനക്കു ആശംസകള്‍ അയക്കുന്നു...
എനിക്കു നിന്നെ ഇഷ്ടമല്ലെങ്കില്ലും...
എനിക്കു നിന്നെ അല്‍പം പോലും സഹിക്കാന്‍ പറ്റില്ലെങ്കില്ലും...
ഞാന്‍ നിനക്കു ഇ-മെയില്‍ അയക്കുന്ന ഏക ദിവസം...
ഞാന്‍ നിന്നോടു സംസാരിക്കുന്ന വര്‍ഷത്തിലെ ഏക ദിനം...
ഇല്ലെങ്കില്‍ നിനക്കു ദേഷ്യമാണു... സങ്കടമാണു...
നിന്നോടു എനിക്കു സഹതാപമാണു...
വേറൊരു വികാരവും തോന്നുന്നില്ല തോന്നിയിട്ടുമില്ല
ഇനിയെങ്കില്ലും നമുക്കിതു നിര്‍ത്തിക്കൂടേ...രശ്മി